ഒരു മണിക്കൂർ മാത്രം. ഒരു പേഷ്യന്റ് കൂടി. ഡോ. സ്റ്റീഫൻ മനസ്സുകൊണ്ട് അന്നത്തെ ഡ്യൂട്ടി അവസാനിപ്പിച്ചു തുടങ്ങിയിരുന്നു. മകന്റെ ബർത്ത്ഡേ ആണിന്ന്. എത്രയും പെട്ടെന്ന് ഒരു പേഷ്യന്റിനെക്കൂടി കണ്ടു തീർത്താൽ നേരേ വീട്ടിലേക്ക്.
അയാൾ മേശപ്പുറത്തെ ബെല്ലമർത്തി. മുഖത്ത് ഒരു ചിരി വരുത്തി തയ്യാറായി.ദ ലാസ്റ്റ് പേഷ്യന്റ്!കയറി വന്നത് ഒരു ചെറുപ്പക്കാരനായിരുന്നു. കഷ്ടി 25 വയസ്സു പ്രായം തോന്നിക്കും. വളരെ വൃത്തിയുള്ള വേഷവിധാനം. തോളിൽ ഒരു കറുത്ത തുകൽ ബാഗ് തൂക്കിയിരിക്കുന്നു.അതിനുള്ളിൽ ഭാരപ്പെട്ടതെന്തോ ഉണ്ടെന്നു തോന്നിച്ചു.അയാൾ തലേന്ന് ഫോണിലൂടെ ബുക്ക് ചെയ്തതാണ്. ആദ്യത്തെ വിസിറ്റ്. അതിന്റെ പകപ്പും ചമ്മലുമെല്ലാം ആ മുഖത്തുണ്ടായിരുന്നു. ആദ്യമായി ഒരു മനശാസ്ത്രജ്ഞനെ കാണാൻ വരുമ്പോൾ സ്വഭാവികമായും ഉണ്ടാകുന്ന ആ ജാള്യത. ഡോക്ടറുടെ ചിരിയിൽ സഹാനുഭൂതി കലർന്നു.എന്റെ പേര് സത്യൻ. സത്യനാഥ് നാരായണൻ.ഡോക്ടർ തന്റെ കയ്യിലെ ചാർട്ടിലേക്കു നോക്കി.അപ്പൊ ആരാ ഈ ജെയിംസ് ?സോറി ഡോക്ടർ. ഫോണിൽ ഞാൻ പറഞ്ഞത് ശരിക്കുള്ള പേരല്ല. ശരിക്കുള്ള പേര് സത്യൻ.
ഡോക്ടർ പുഞ്ചിരിച്ചുകൊണ്ട് തന്റെ കയ്യിലെ ഷീറ്റിൽ പേര് തിരുത്തി.പറയൂ. എന്താണ് സത്യന്റെ പ്രശ്നം ?സത്യൻ ഒരു നിമിഷം തല താഴ്ത്തി എന്തൊക്കെയോ ആലോചിക്കുകയാണെന്നു തോന്നി. പിന്നെ സാവധാനം പോക്കറ്റിൽ നിന്നും ഒരു പേപ്പറെടുത്തു നിവർത്തി.ഡോക്ടർ.എനിക്ക് പ്രശ്നങ്ങളൊന്നുമില്ല. കുറച്ചു സംശയങ്ങൾ മാത്രം. ഡോക്ടരെപ്പോലൊരാൾക്ക് മാത്രം ഉത്തരം തരാനാകുന്ന ചില വിചിത്ര സംശയങ്ങൾ.ഒരു മണിക്കൂർ സമയമൊന്നും വേണ്ടെനിക്ക്.ആയ്ക്കോട്ടെ. ചോദിച്ചോളൂ.ഡോക്ടർക്ക് അതൊരു നല്ല കാര്യമായിട്ടാണ് തോന്നിയത്. നേരത്തെ തീർന്നാൽ അത്രയും നന്ന്.സൈക്കിയാട്രി മാത്രമല്ലല്ലോ ഡോക്ടർക്ക് ന്യൂറോ സയൻസിൽ ഒരു ഡിഗ്രി കൂടെയില്ലേ ?ഉണ്ടല്ലോ.എന്റെ സംശയം ബ്രെയിനുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടാണ് ഡോക്ടറെത്തന്നെ വന്നു കാണാൻ തീരുമാനിച്ചത്.ചോദിച്ചോളൂ.ഓക്കെ.ആദ്യത്തെ ചോദ്യം, ഒരു മനുഷ്യന്റെ തലച്ചോറിൽ നിന്നും ഒരു ഭാഗം മാത്രം മുറിച്ചു മാറ്റിയാൽ അയാൾ പിന്നെ ജീവിച്ചിരിക്കുമോ ?ഡോ. സ്റ്റീഫൻ അമ്പരന്നു.
അതെന്തൊരു ചോദ്യമാണ് സത്യാ ? എന്താണ് സത്യൻ ഉദ്ദേശിക്കുന്നത് ?ലിറ്ററലി… ഡോക്ടർ. ആക്ഷരികാർത്ഥത്തിലെടുത്താൽ മതി. നമ്മൾ ഒരാളുടെ തല വെട്ടിപ്പിളർന്ന് ബ്രെയിനിലെ ഒരു ഭാഗം മാത്രമായിട്ട് റിമൂവ് ചെയ്താൽ-എന്താണ് സത്യനിങ്ങനെയൊരു സംശയം വരാൻ കാരണം ?മറുപടിയുണ്ടായില്ല. സത്യൻ തല താഴ്ത്തി വീണ്ടും ആലോചനയിലാണ്ടു.ഓക്കെ. ലിറ്ററലി… തന്റെ ചോദ്യത്തിനുള്ള ഉത്തരം ഞാൻ തരാം. പക്ഷേ ഇവിടെ നിന്നു പോകുന്നതിനു മുൻപ് ഇതെന്തിനാണ് ചോദിച്ചതെന്ന് എനിക്കു പറഞ്ഞു തരണം കേട്ടോ ?സത്യൻ തലയാട്ടിതലച്ചോറിലെ ചില ഭാഗങ്ങൾ വൈറ്റലാണ്. റിമൂവ് ചെയ്യാനാകില്ല.ആ വ്യക്തി മരണപ്പെടും. പക്ഷേ ഒട്ടു മിക്ക ഭാഗങ്ങളും ഒരു പരിധി വരെ നമുക്ക് സർജ്ജറിയിലൂടെ മുറിച്ചു മാറ്റാനാകും. വളരെ ഗുരുതരമായ എപ്പിലപ്സി ഒക്കെ ഉള്ളവരിൽ, ചിലപ്പോൾ അങ്ങനെ വേണ്ടിവരാറുണ്ട്. തലച്ചോറിന്റെ ഒരു പകുതി അപ്പാടെ എടുത്തു മാറ്റേണ്ടി വരുന്ന കേസുകളുണ്ട്.സത്യൻ അവിശ്വസനീയഭാവത്തിൽ തലയുയർത്തി.
അപ്പൊ ഡോക്ടർ തലയ്ക്കൊരു ക്ഷതമേറ്റാൽ പോലും ചിലപ്പോൾ ആളുകൾ മരിച്ചുപോകാറില്ലേ ?അതുപോലല്ലല്ലോ സത്യാ ഇത്. തലയിൽ ക്ഷതമേറ്റാൽ ഒരുപക്ഷേ ഇന്റേണൽ ബ്ലീഡിങ്ങ് ഉണ്ടാകും. ഉള്ളിൽ ഇൻഫെക്ഷനുണ്ടാകാം. പല തരം കോമ്പ്ലിക്കേഷനുകളുണ്ടാകാം. പക്ഷേ അതുപോലല്ലല്ലോ ഇത്. ഇത് നമ്മൾ വളരെ കണ്ട്രോൾഡായ ഒരു സാഹചര്യത്തിൽ, ഓപ്പറേഷൻ തീയേറ്ററിൽ വെച്ചല്ലേ ചെയ്യുന്നത് ? എങ്കിലും, ഒരു ചെറിയ മിസ്റ്റേക്ക് പറ്റിയാൽ പോലും രോഗി മരണപ്പെടാം.ഓക്കെ. ഈ പകുതി റിമൂവ് ചെയ്യുക എന്നു പറയുമ്പോൾ ?ഹെമിസ്ഫിയറക്ടമി എന്നാണ് പ്രൊസീജറിന്റെ പേര്. കുട്ടികളിലാണ് കൂടുതലും ചെയ്യുക. കൊച്ചു കുട്ടികളാകുമ്പോൾ അവർ പെട്ടെന്ന് അതിജീവിക്കും. പ്രായമാകുന്തോറും അപകടസാധ്യത കൂടും.അങ്ങനെ റിമൂവ് ചെയ്തുകഴിഞ്ഞാൽ അവർക്ക് യാതൊരു പ്രശ്നവുമുണ്ടാകില്ലേ ?പിന്നെ! ബ്രെയിനിലെ പകുതി നഷ്ടപ്പെട്ടാൽ തീർച്ചയായും ശരീരം തളർന്നു പോകും. മറ്റു പല പ്രശ്നങ്ങളുമുണ്ടാകും. ഉദാഹരണത്തിന് ഇടതുവശത്തെ ഹെമിസ്ഫിയർ ആണ് നമ്മൾ എടുത്തു മാറ്റുന്നതെങ്കിൽ, വലതു വശം തളർന്നു പോകും. കൂടാതെ സംസാരം, കാഴ്ച്ച, കേൾവി എല്ലാത്തിനേയും ബാധിക്കും. ഫിസിക്കൽ തെറാപ്പിയിലൂടെ കുറേയൊക്കെ നമുക്ക് ശരിയാക്കിയെടുക്കാനാകുമെന്നു മാത്രം.

0 Comments