മക്കള്‍ മൂന്ന് പേരും മതംമാറി; ഇനി സ്വത്തുക്കള്‍ നല്‍കാനാവില്ല,രണ്ട് കോടിയുടെ സമ്ബാദ്യം ക്ഷേത്രത്തിന് നല്‍കി 85കാരന്‍

 


ചെന്നൈ: മക്കള്‍ മൂന്ന് പേരും മതം മാറിയതില്‍ മനംനൊന്ത് സ്വത്തുക്കളെല്ലാം ക്ഷേത്രത്തിന് എഴുതി നല്‍കി എണ്‍പത്തിയഞ്ചുകാരന്‍.തമിഴ്നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം.

 കാഞ്ചീപുരം മനുസ്വാമി അവന്യുവില്‍ താമസിക്കുന്ന വേലായുധം ആണ് തന്റെ രണ്ട് കോടിയോളം വിലവരുന്ന സ്വത്തുക്കള്‍ ക്ഷേത്രത്തിന് സംഭാവന നല്‍കിയത്.വേലായുധത്തിന് രണ്ട് പെണ്‍മക്കളും ഒരു മകനുമാണുള്ളത്. ഹിന്ദുമത വിശ്വാസികളായിരുന്ന ഇവ‌ര്‍ അടുത്തിടെ ക്രിസ്തുമതം സ്വീകരിച്ചിരുന്നു. 

ഇതോടെ ഹിന്ദു മതാചാരങ്ങള്‍ പ്രകാരം തന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ മക്കള്‍ തയ്യാറാകില്ലെന്ന് മനസിലാക്കിയതോടെയാണ് സ്വത്തുക്കള്‍ കൈമാറ്റം ചെയ്യാന്‍ വേലായുധം തീരുമാനിക്കുകയായിരുന്നു. കുമരകോട്ടം മുരുകന്‍ ക്ഷേത്രത്തിനാണ് സ്വത്തുക്കള്‍ കൈമാറിയത്. വേലായുധത്തിന്റെ കുടുംബക്ഷേത്രമാണിത്. റിട്ടയേര്‍ഡ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആണ് വേലായുധം. 2680 സ്ക്വയര്‍ ഫീറ്റ് ഉള്ള ഇദ്ദേഹത്തിന്റെ വീടിന് രണ്ട് കോടിയോളമാണ് വില.

തന്റെ അന്ത്യകര്‍മങ്ങള്‍ ഹിന്ദു ആചാരപ്രകാരം നടക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ക്രിസ്തുമതം സ്വീകരിച്ച മക്കള്‍ക്ക് ഒരു കാരണവശാലും സ്വത്തുക്കള്‍ നല്‍കാനാവില്ലെന്നും വേലായുധം പറഞ്ഞു. ഇപ്പോഴും രണ്ട് മക്കള്‍ തന്റെ കൂടെയാണ് താമസിക്കുന്നത്. താനും ഭാര്യയും ജീവിച്ചിരിക്കുന്നിടത്തോളം അവര്‍ക്കും ഇവിടെ താമസിക്കാം. എന്നാല്‍ തങ്ങളുടെ മരണശേഷം ക്ഷേത്രം വീട് ഏറ്റെടുക്കും. വീടിന്റെ വില്‍പ്പത്രം ക്ഷേത്രത്തിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു. വേലായുധത്തിന്റെ മക്കള്‍ മൂന്ന് പേരും ക്രിസ്ത്യന്‍ മതവിശ്വാസികളെ വിവാഹം ചെയ്തതോടെ ക്രിസ്തുമതം സ്വീകരിക്കുകയായിരുന്നു,.

Post a Comment

0 Comments