സ്‌കൂളുകള്‍ അടക്കില്ല; വാരാന്ത്യ, രാത്രികാല കര്‍ഫ്യൂവും തല്‍ക്കാലം ഇല്ല; ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം കുറച്ചു

 


തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി.വിവാഹ, മരണാനന്തര ചടങ്ങുകളില്‍ പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആക്കി കുറച്ചു. സ്‌കൂളുകള്‍ അടയ്ക്കുന്നതു സംബന്ധിച്ച തീരുമാനം അടുത്ത യോഗത്തിലേക്കു മാറ്റി. വാരാന്ത്യ, രാത്രികാല കര്‍ഫ്യൂവും തല്‍ക്കാലം ഇല്ല.

പൊതു, സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്രണം കര്‍ക്കശമാക്കാന്‍ യോഗം തീരുമാനിച്ചു. ഓഫിസുകളുടെ പ്രവര്‍ത്തനം പരമാവധി ഓണ്‍ലൈന്‍ ആക്കണമെന്നും യോഗം നിര്‍ദേശിച്ചു. കോവിഡ് വ്യാപനത്തിന്റെ തോത് വിലയിരുത്തി കൂടുതല്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച്‌ അടുത്ത യോഗത്തില്‍ തീരുമാനമെടുക്കും.


സ്‌കുളുകള്‍ ഉടന്‍ അടയ്ക്കില്ല

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം കൊണ്ടുവരുന്ന കാര്യം യോഗം ചര്‍ച്ച ചെയ്തു. ഇതിനായി വിദ്യാഭ്യാസ മന്ത്രിയെ യോഗത്തിലേക്കു വിളിപ്പിച്ചിരുന്നു. തല്‍ക്കാലം നിയന്ത്രണം വേണ്ടെന്നും അടുത്ത യോഗത്തില്‍ വിശദമായ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാനുമാണ് ധാരണയായത്.


ടിപിആര്‍ 11 നും മുകളില്‍

കേരളത്തില്‍ ഇന്നലെ 6238 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുന്‍ ആഴ്ച്ചത്തെ അപേക്ഷിച്ച്‌ 82 ശതമാനമാണ് പ്രതിദിന കേസുകളിലെ വര്‍ധന. ടിപിആറും ഉയര്‍ന്നു. ഇന്നലെ 11.52 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5776 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 341 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം 1507, എറണാകുളം 1066, കോഴിക്കോട് 740, തൃശൂര്‍ 407, കണ്ണൂര്‍ 391, കോട്ടയം 364, കൊല്ലം 312, പത്തനംതിട്ട 286, മലപ്പുറം 256, പാലക്കാട് 251, ആലപ്പുഴ 247, കാസര്‍ഗോഡ് 147, ഇടുക്കി 145, വയനാട് 119 എന്നിങ്ങനേയാണ് ജില്ലകളില്‍ കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ടിപിആര്‍ പത്ത് ശതമാനം കടക്കുന്നത് ഒന്നരമാസത്തിന് ശേഷമാണ്.

Post a Comment

0 Comments