25 വര്‍ഷം മുമ്ബ് കളവ് പോയ പിതാവിന്റെ ബുള്ളറ്റ് 15 വര്‍ഷം നീണ്ട അന്വേഷണത്തില്‍ കണ്ടെത്തി മകന്‍, സഹായകമായത് കേന്ദ്ര സ‌ര്‍ക്കാരിന്റെ പുതിയ ആപ്പ്

 


ബംഗളൂരു: വാഹനങ്ങളുമായുള്ള ചിലരുടെ ബന്ധങ്ങള്‍ അതിതീവ്രമാണ്. ചെറുപ്പം മുതല്‍ ഓടിച്ചുതഴമ്ബിച്ച വാഹനങ്ങള്‍ അതിനിയെത്ര പഴകിയാലും കൈവിട്ടുകളയാന്‍ ഇത്തരക്കാര്‍ക്ക് വലിയ മടിയാണ്.എത്രകൂടിയ വില നല്‍കാമെന്ന് പറഞ്ഞാലും ഇവ‌ര്‍ ആ വാഹനം കൈവിടാന്‍ തയ്യാറാകില്ല. അപ്പോള്‍ ആ വാഹനം മോഷണം പോയാലോ? 

എത്ര വ‌ര്‍ഷം വേണമെങ്കിലും ഇവര്‍ ആ വാഹനത്തിന് വേണ്ടി അന്വേഷിച്ചു കൊണ്ടേയിരിക്കും. അത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ് ബംഗളൂരുവില്‍.25 വര്‍ഷം മുമ്ബ് കളവ് പോയ തന്റെ പിതാവിന്റെ 1971 മോഡല്‍ ബുള്ളറ്റ് നീണ്ട 15 വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയിരിക്കുകയാണ് ബംഗളൂരു സ്വദേശിയായ സോഫ്ട്‌വെയ‌ര്‍ എന്‍ജിനീയര്‍ അരുണ്‍ ശ്രീനിവാസന്‍. 

അരുണിന്റെ പിതാവ് എന്‍ ശ്രീനിവാസന്‍ 1971ല്‍ മണിപാലിലെ ഒരു സ്വകാര്യ ബാങ്കില്‍ ഓഫീസറായി ജോലി നോക്കുമ്ബോഴായിരുന്നു ഈ ബൈക്ക് വാങ്ങിച്ചത്. പില്‍ക്കാലത്ത് അവിടെനിന്നും സ്ഥലം മാറിയപ്പോള്‍ തന്റെ ഒരു സുഹൃത്തിന് പൊന്ന് പോലെ നോക്കിയിരുന്ന ബൈക്ക് അദ്ദേഹം വിറ്റു. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ആ ബൈക്ക് തിരിച്ചുവാങ്ങാം എന്ന് കരുതി സുഹൃത്തിനെ സമീപിച്ചപ്പോള്‍ 1996ല്‍ ബൈക്ക് കളവ് പോയതായി സുഹൃത്ത് അറിയിച്ചു.

തുടര്‍ന്ന് 2006ല്‍ തന്റെ 23ാം വയസില്‍ അരുണ്‍ പിതാവിന്റെ ബൈക്ക് അന്വേഷിച്ച്‌ കണ്ടെത്താന്‍ തീരുമാനിച്ചു. ലോക്കല്‍ മാ‌ര്‍ക്കറ്റിലും വര്‍ക്ക്‌ഷോപ്പുകളിലും സെക്കന്‍ഡ് ഹാന്‍ഡ് മാര്‍ക്കറ്റുകളിലും ഈ വാഹനം അന്വേഷിച്ച്‌ അലഞ്ഞെങ്കിലും കണ്ടെത്താന്‍ അരുണിന് സാധിച്ചില്ല. എങ്കിലും അന്വേഷണം തുടര്‍ന്നുകൊണ്ടെയിരുന്നു.

ഒടുവില്‍ 2021ല്‍ കര്‍ണാടകയുടെ സംസ്ഥാന വാഹന വകുപ്പ് തങ്ങളുടെ സേവനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയതതോടെ അരുണിന് പുതിയൊരു കച്ചിതുരുമ്ബ് ലഭിച്ചു. കേന്ദ്രസ‌ര്‍ക്കാരിന്റെ പരിവാഹന്‍ വാഹന ആപ്പില്‍ കയറി പഴയ ബൈക്കിന്റെ നമ്ബ‌ര്‍ അടിച്ചു നോക്കിയ അരുണിന് അതേ നമ്ബറിലുള്ള ഒരു ബുള്ളറ്റിന്റെ പുതുക്കിയ ഇന്‍ഷുറന്‍സ് പേപ്പറിന്റെ രേഖകള്‍ കണ്ടെത്താന്‍ സാധിച്ചു. എം വൈ എച്ച്‌ 1731 എന്നതായിരുന്നു ബൈക്കിന്റെ നമ്ബര്‍. രേഖകളിലെ വിവരങ്ങള്‍ വച്ച്‌ ഉടമയെ അന്വേഷിച്ച്‌ ഇറങ്ങിയ അരുണ്‍ മൈസൂറിലുള്ള ടി നരസിപുര എന്ന കര്‍ഷകനെ കണ്ടെത്തി. അദ്ദേഹത്തിന്റെ പക്കലായിരുന്നു ബൈക്ക് ഉണ്ടായിരുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഒരു സെക്കന്‍ഡ് ഹാന്‍‌ഡ് ബൈക്ക് ഷോറൂമില്‍ നിന്നും നരസിപുര വാങ്ങിച്ച വാഹനമായിരുന്നു അത്. കളവ് പോയതും വിവിധ കേസുകളില്‍ ഉള്‍പ്പെട്ടതുമായ വാഹനങ്ങള്‍ ലേലം ചെയ്ത ക‌ര്‍ണാടക പൊലീസിന്റെ പക്കല്‍ നിന്നുമായിരുന്നു അവ‌ര്‍ ഈ ബൈക്ക് വാങ്ങിച്ചത്. ഇത് തന്റെ പിതാവിന്റെ ബൈക്ക് തന്നെയാണെന്ന് മനസിലാക്കിയ അരുണ്‍ ചോദിക്കുന്ന വില കൊടുത്ത് വാഹനം സ്വന്തമാക്കാന്‍ തയ്യാറായിരുന്നു, എന്നാല്‍ തന്റെ പ്രിയ വാഹനം വിട്ടുനല്‍കാന്‍ നരസിപുരയ്ക്ക് സാധിക്കുമായിരുന്നില്ല. ഒടുവില്‍ ദീ‌ഘനാളത്തെ സംഭാഷണങ്ങള്‍ക്ക് ശേഷം ബൈക്ക് വിട്ടുനല്‍കാന്‍ നരസിപുര സമ്മതിക്കുകയായിരുന്നു.തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബൈക്കായിരുന്നു ഇതെന്നും ഇനി ഇത് തിരിച്ചുകിട്ടില്ലെന്നായിരുന്നു കരുതിയതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Post a Comment

0 Comments