തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധനവ് ഉടന്‍ നടപ്പാക്കും. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയാക്കാനും, രാത്രി 40 ശതമാനം അധിക നിരക്ക് ഈടാക്കാനുമാണ് ശുപാര്‍ശ. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് 5 രൂപയാക്കി ഉയര്‍ത്താനും ശുപാര്‍ശയുണ്ട്.
ഗതാഗത മന്ത്രിയുമായും ചര്‍ച്ച നടത്തിയ ശേഷമാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഓര്‍ഡിനറി ബസുകളില്‍ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് എട്ടു രൂപയില്‍ നിന്ന് 10 രൂപയായി വര്‍ദ്ധിപ്പിക്കാനാണ് ശുപാര്‍ശ. 25 ശതമാനമാണ് വര്‍ധന. കിലോമീറ്റര്‍ നിരക്കില്‍ 42.85% വര്‍ധന വരുത്താനുമാണ് ശുപാര്‍ശ. നിലവില്‍ കിലോമീറ്റര്‍ നിരക്ക് 70 പൈസ എന്നത് ഒരു രൂപയാവും.
എല്ലാ സര്‍വീസുകളിലും രാത്രി യാത്രയ്ക്ക് 40% തുക അധികമായി വാങ്ങും. ഇതോടെ രാത്രി മിനിമം ചാര്‍ജ് 14 രൂപയാകും. മിനിമം ടിക്കറ്റില്‍ സഞ്ചരിക്കാവുന്ന ദൂരം ഒന്നര കിലോമീറ്ററിലേക്ക് ചുരുങ്ങും. വിദ്യാര്‍ത്ഥികളുടെ കണ്‍സിഷന്‍ നിരക്ക് 5 രൂപയാക്കി ഉയര്‍ത്താനാണ് ശുപാര്‍ശ. നിലവില്‍ 5 കിലോമീറ്ററിന് രണ്ടു രൂപയാണ് മിനിമം നിരക്ക്.
ബി.പി.എല്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഈ ശുപാര്‍ശ ഇല്ല. റിപ്പോര്‍ട് സര്‍ക്കാര്‍ ഉടന്‍ ചര്‍ച്ച ചെയ്യും. ബി.പി.എല്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യാത്രയുടെ കാര്യത്തിലും സര്‍ക്കാര്‍ തീരുമാനമെടുക്കും. കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസ്സുകള്‍ക്കും, സ്വകാര്യ ബസ്സുകള്‍ക്കുമുള്ള നിരക്ക് വര്‍ധനവാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. രാത്രി എട്ടിനും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ യാത്രചെയ്യുന്നവരാണ് അധിക നിരക്ക്.
0 Comments