അടൂര്‍ ബൈപ്പാസില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് മൂന്നു സ്ത്രീകളാണ് കഴിഞ്ഞ ദിവസം മരിച്ചത്. നാലുപേരെ രക്ഷപ്പെടുത്തി.വിവാഹവുമായി ബന്ധപ്പെട്ട് വധുവിന് പുടവയുമായി പോയ സംഘത്തില്‍പ്പെട്ടവരാണ് അപകടത്തില്‍പെട്ടത്.
കാര്‍ ഓടിച്ചത് ഗൂഗിള്‍ മാപ്പ് നോക്കി...
അടൂരില്‍ കാര്‍ കനാലിലേക്ക് മറിയാന്‍ കാരണം ഗൂഗിള്‍ മാപ്പ് നോക്കി ഡ്രൈവര്‍ വാഹനം ഓടിച്ചതാണെന്ന് അഗ്നിരക്ഷാ സേന. ഹരിപ്പാട്ടേക്ക് വേഗത്തില്‍ പോവുകയായിരുന്ന വാഹനം അടൂര്‍ ബൈപ്പാസ് ജംഗ്ഷനില്‍നിന്ന് ഇടത്തോട്ട് തിരിയണമെന്ന് ഗൂഗിള്‍ മാപ്പില്‍ കണ്ടു. ബ്രേക്ക് ചെയ്യാനാണ് ഡ്രൈവര്‍ ശ്രമിച്ചത്.
എന്നാല്‍, അബദ്ധവശാല്‍ ആക്‌സിലേറ്ററിലാണ് ചവിട്ടിയത്. ഇത് ശരിവെക്കുന്ന തരത്തില്‍ പരിക്കേറ്റ യാത്രക്കാര്‍ പറഞ്ഞതായും അഗ്നിരക്ഷാ സേന പറയുന്നു. കാര്‍ ഡ്രൈവര്‍ അപകടത്തിന് തൊട്ടുമുമ്ബ് മൊബൈല്‍ ഫോണില്‍ നോക്കിയെന്ന് രക്ഷപ്പെട്ടവരില്‍ ഒരാള്‍ മൊഴി നല്‍കിയതായി പോലീസും പറഞ്ഞു.
പുടവ നല്‍കാനുള്ള യാത്ര...
ഇളമാട് അമ്ബലംമുക്കിലെ ഷാനു ഹൗസില്‍ വിവാഹാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. വ്യാഴാഴ്ച രാവിലെ ഏഴിന് വിവാഹത്തിന് പുറപ്പെടാനുള്ള ഒരുക്കങ്ങളിലായിരുന്നു വരനായ അമല്‍ ഷാജിയും ബന്ധുക്കളും. വധുവിന് നല്‍കാനുള്ള പുടവയുമായി അമലിന്റെ ബന്ധുക്കളും അയല്‍ക്കാരും സുഹൃത്തുക്കളും ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ഇളമാട് അമ്ബലംമുക്കില്‍നിന്ന് അഞ്ച് വാഹനങ്ങളില്‍ യാത്ര തുടങ്ങിയത്. ഒന്നേകാലോടെയാണ് അടൂരില്‍വെച്ച് അപകടമുണ്ടായ വിവരം അമ്ബലംമുക്കില്‍ അറിഞ്ഞത്.
അമലിന്റെ ബന്ധുക്കളായ ശകുന്തളയും ഇന്ദിരയും കുടുംബസുഹൃത്ത് ശ്രീജയും മരിച്ച വിവരം ഞെട്ടലോടെയാണ് അയല്‍വാസികളും കൂട്ടുകാരും കേട്ടത്. അമ്ബലംമുക്ക് പെട്രോള്‍ പമ്ബിനടുത്താണ് അമലിന്റെ വീട്. അടുത്തുതന്നെയാണ് ഇന്ദിരയും മകളും താമസിച്ചിരുന്നത്. ശകുന്തളയുടെ വീടും ഇതിനടുത്തുതന്നെയായിരുന്നു. ഒന്നരവര്‍ഷംമുമ്ബ് ഈ വീട് വിറ്റതിനുശേഷം ശകുന്തളയും കുടുംബവും ആക്കാപൊയ്കയില്‍ വാടകവീട്ടിലേക്ക് മാറുകയായിരുന്നു.
ശ്രീജയും അമലിന്റെ വീടിനടുത്തായിരുന്നു മുമ്ബ് താമസിച്ചിരുന്നത്. പിന്നീട് തേവന്നൂര്‍ എസ്റ്റേറ്റ് ജങ്ഷനില്‍ വീടുവെച്ച് താമസം തുടങ്ങി. അമലിന്റെ കുടുംബവുമായി നല്ല സൗഹൃദത്തിലായിരുന്നു ശ്രീജയും ഭര്‍ത്താവ് പ്രകാശും. പുടവ കൈമാറല്‍ച്ചടങ്ങിനു പോകുന്നില്ലെന്നാണ് ശ്രീജ തീരുമാനിച്ചിരുന്നത്. എന്നാല്‍, സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി അവസാനനിമിഷം യാത്ര പുറപ്പെടുകയായിരുന്നു. കശുവണ്ടി ഫാക്ടറിയിലും തൊഴിലുറപ്പുജോലിക്കും പോയിരുന്നു ഇന്ദിരയും ശകുന്തളയും. ശ്രീജ എസ്റ്റേറ്റ് മുക്കില്‍ തയ്യല്‍ക്കട നടത്തിയിരുന്നു. എല്ലാവരുമായും മൂവരും നല്ല സൗഹൃദത്തിലുമായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത് നാട്ടുകാര്‍
അപകടസ്ഥലത്ത് എത്തിയവര്‍ കാഴ്ചക്കാരായി നില്‍ക്കാതെ കാര്‍ വെള്ളത്തില്‍നിന്ന് കയറ്റുന്നതിനും പുറത്ത് റോഡില്‍ ഗതാഗത ക്രമീകരണം നടത്തുന്നതിനും നാട്ടുകാര്‍ മുന്‍കൈയെടുത്തു. ആദ്യം നാട്ടുകാര്‍തന്നെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീടാണ് അഗ്‌നിരക്ഷാസേനയും പൊലീസുമൊക്കെ എത്തിയത്.
0 Comments