നവജാത ശിശുവിന് ഉടുപ്പ് വാങ്ങാനിറങ്ങിയ ബധിര യുവാവ് ; കേരള പൊലീസിന്റെ നന്മമുഖം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് യുവാവ്‌

 


കേരള പൊലീസിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. കാര്യം എന്താണെന്നല്ലേ… നവജാത ശിശുവിന് കുഞ്ഞുടുപ്പ് വാങ്ങാനിറങ്ങിയ ബധിരനായ പിതാവിന് മുന്നില്‍ നന്മയുടെ കാവലാളായിരിക്കുകയാണ് കേരള പൊലീസ്. പുനലൂര്‍ സ്വദേശിയായ ഷിബിന്‍ കരീം ഷംസുദ്ദീനാണ് കുണ്ടറ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ നന്മയുടെ നേര്‍മുഖം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് ഷിബിന്റെ ഭാര്യ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. അണുബാധ ഒഴിവാക്കുന്നതിനായ കുഞ്ഞിന് പുതിയ വസ്ത്രം വേണമെന്ന് നഴ്‌സുമാര്‍ അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഞായറാഴ്ച്ച വാരാന്ത്യ ലോക്ഡൗണ്‍ ആയതിനാല്‍ അടുത്തുള്ള കടകളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹം കൊല്ലം ഭാഗത്തേക്ക് പോകുകയും തന്റെ പരിചയക്കാരായ നിരവധി പേരോട് കുഞ്ഞിനുള്ള വസ്ത്രത്തിനായി കട തുറന്നുതരണമെന്ന് പറഞ്ഞെങ്കിലും നിരാശ ആയിരുന്നു ഫലം

ആയിരം രൂപയ്ക്ക് വേണ്ടി കട തുറന്ന് ഇരുപതിനായിരം രൂപ പിഴ കൊടുക്കാന്‍ വയ്യ എന്ന് എല്ലാവരും പറഞ്ഞു.കട തുറന്നാല്‍ പിഴ നല്‍കേണ്ടിവരുമന്ന് എല്ലാവരും ഭയപ്പെട്ടു. അങ്ങനെയാണ് ഷിബിന്‍ കുണ്ടറയില്‍ ചെക്കിങ് ഡ്യൂട്ടിയിലുള്ള പൊലീസുകാരോട് കാര്യങ്ങള്‍ പറഞ്ഞത്. ഏതെങ്കിലും കട തുറക്കുമെന്ന ധാരണയില്‍ കുരീപള്ളി ഭാഗത്തേക്ക് പോകാന്‍ അവര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പക്ഷേ, അവിടെയും കടകള്‍ അടഞ്ഞുതന്നെ കിടക്കുകയായിരുന്നു. അവസാനം മൊതീന്‍മുക്കിലെത്തിയപ്പോള്‍ അവിടെ വാഹന പരിശോധന നടത്തുകയായിരുന്നു സബ് ഇന്‍സ്‌പെക്ടര്‍ സതീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ഗോപകുമാര്‍ എന്നിവര്‍. കാര്യങ്ങളറിഞ്ഞ അവര്‍ ഷിബിനെ ആശ്വസിപ്പിക്കുകയും അന്വേഷിച്ച് ഒരു കടയുടമയുടെ നമ്പര്‍ തേടിപ്പിടിച്ച് അവരെ വിളിച്ചു വരുത്തുകയായിരുന്നു.കുഞ്ഞുടുപ്പുകള്‍ വാങ്ങി സ്വന്തം പോക്കറ്റില്‍ നിന്നും പണം നല്‍കുകയും ചെയ്ത് എത്രയും പെട്ടന്ന് പുനലൂരിലേക്ക് എത്താന്‍ ഏര്‍പ്പാട് ചെയ്ത് തോളില്‍ തട്ടിയാണ്‌ പൊലീസ് യാത്രയായത്

” അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടിയെടുക്കുന്നത് ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുമ്പോഴും നിരവധി നിരാലംബര്‍ക്ക് തണലാവുകയാണ് കാക്കിക്കുള്ളിലെ നന്മ നിറഞ്ഞവര്‍. മനസാക്ഷി ഉള്ളവര്‍ ജീവിതത്തില്‍ വിജയിക്കും. സല്യൂട്ട് യു സതീഷ് സാര്‍, ഗോപകുമാര്‍ സാര്‍, ഒപ്പം ഓടി വന്ന് കട തുറന്ന ബിസ്മി ടെക്സ്റ്റയിലുള്ള പേര് അറിയാത്ത പയ്യനും. ഇതറിയുമ്പോള്‍ പലരും ലോക്ക്ഡൗണിനെ പഴിക്കാറുണ്ടാകും…അനാവശ്യമെന്ന് കുറ്റപ്പെടുത്തുന്നുണ്ടാകും…പക്ഷേ, എന്റെ അഭിപ്രായത്തില്‍ നമ്മള്‍ കുറ്റപ്പെടുത്തേണ്ടത് നമ്മള്‍ നമ്മളെത്തന്നെയാണ്. കൃത്യമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് അകലം പാലിച്ച് മാസ്‌ക്ക് ധരിച്ച് സാനിറ്റൈസര്‍ തേച്ച് ചിട്ടയോടെ നീങ്ങിയിരുന്നെങ്കില്‍ ഒരുപക്ഷേ ലോക്ക്ഡൗണ്‍ എന്ന നരകയാതന നമുക്ക് ഭാവിയില്‍ കാണേണ്ടി വരില്ല…”- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.സോഷ്യല്‍ മീഡിയ ഒന്നടങ്കം ഇപ്പോള്‍ കേരള പൊലീസിനും പൊലീസിന്റെ നന്മമുഖം തന്റെ ഫേസ്ബുക്കിലൂടെ എല്ലാവര്‍ക്കും മുന്നില്‍ കുറിപ്പിലൂടെ തുറന്നുകാണിച്ച ഷിബിനും അഭിനന്ദനപ്രവാഹവുമായി എത്തുകയാണ്.നമുക്കും പിന്തുടരാം ഇത്തരം നന്മയുടെ നേര്‍മുഖങ്ങളെ…

Post a Comment

0 Comments