സഹോദരന്റെ കൈപിടിച്ച് ആശുപത്രിയില്‍ നിന്നിറങ്ങണം; നിറഞ്ഞ പ്രതീക്ഷയോടെ വാവ സുരേഷിന്റെ സഹോദരന്‍

 


തന്റെ സഹോദരന്റെ കൈ പിടിച്ച് ആശുപത്രില്‍ നിന്നിറങ്ങണമെന്നാണ് ഇപ്പോഴത്തെ തന്റെ ആഗ്രഹമെന്ന് പറയുകയാണ് വാവ സുരേഷിന്റെ മൂത്ത സഹോദരന്‍ സത്യദേവ്. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് വാവ സുരേഷ്. തന്റെ സഹോദരന്‍ ആശുപത്രിയിലായത് അറിഞ്ഞ് സഹോദരി ലാലിയേയും കൂട്ടി തിരുവനന്തപുരത്ത് നിന്ന് എത്തിയതാണ് സത്യദേവന്‍.

പന്ത്രണ്ടാം വയസ്സ് മുതലാണ് വാവ സുരേഷ് പാമ്പ് പിടുത്തം ആരംഭിച്ചതെന്ന് സഹോദരന്‍ പറയുന്നു. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം മാത്രമേ സുരേഷിനുള്ളൂ. പക്ഷേ, ഇഴജന്തുക്കളെക്കുറിച്ച് വലിയ അറിവാണ് അദ്ദേഹത്തിനുള്ളത്. ഏത് പാമ്പിനെക്കണ്ടാലും ഏത് ഇനത്തില്‍പ്പെട്ടതാണെന്ന് അറിയാം. നാട്ടുകാരെല്ലാം എവിടെയെങ്കിലും വെച്ച് പാമ്പിനെക്കണ്ടാല്‍ ഫോട്ടോ എടുത്ത് സുരേഷിന് അയച്ച് കൊടുത്ത് ഏതാണെന്ന് ചോദിക്കുന്നത് പതിവാണെന്നും സഹോദരന്‍ പറയുന്നു.

വാവ സുരേഷിന്റെ കൈ പൊലിക്കും എന്ന് നാട്ടുകാര്‍ വിശ്വസിച്ചിരുന്നു. മലയാള മാസം ഒന്നാം തിയ്യതി ആദ്യം വീട്ടില്‍ക്കയറി വന്നാല്‍ ആ മാസം ഐശ്വര്യം ഉണ്ടാകും എന്ന് പലരും വിശ്വസിക്കുന്നതിനാല്‍ത്തന്നെ അയല്‍ വീടുകളില്‍ മലയാള മാസം ഒനാനം തിയ്യതി വാവ സുരേഷിനോട് വരാന്‍ പലരും ആവശ്യപ്പെട്ടിരുന്നു.കിട്ടുന്ന അവാര്‍ഡ് തുകയെല്ലാം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പലപ്പോഴും വിനിയോഗിക്കുമായിരുന്നൂ. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വാങ്ങി അത് അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിക്കാനും തല്‍പ്പരനായിരുന്നു. വഴിയരികില്‍ ഉപേക്ഷിച്ച നായ്ക്കുട്ടികളേയും പൂച്ചകളേയും വീട്ടിലേക്ക് കൊണ്ടുവരുമായിരുന്നു. മാത്രമല്ല, അവയ്ക്ക് ഭക്ഷണം കൊടുക്കുകയും ചെയ്യുമായിരുന്നുവെന്നും സത്യദേവന്‍ പറഞ്ഞു.

വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ ഇപ്പോള്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ നിലയിലായത് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ ശരീരം ഇപ്പോള്‍ മരുന്നുകളോട് പ്രതികരിക്കുന്നുമുണ്ട്.ടി കെ ജയകുമാറിന്റെ നേതൃത്വത്തില്‍ ആറ് വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തലാണ് ഇപ്പോള്‍ ചികിത്സ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.കുറിച്ചി പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍ വാണിയേപുരയ്ക്കല്‍ ജലധരന്റെ വീടിനോട് ചേര്‍ന്ന തൊഴുത്തില്‍ കണ്ട പാമ്പിനെ പിടിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

കഴിഞ്ഞ മൂന്ന് ദിവസമായി പ്രദേശത്ത് മൂര്‍ഖന്‍ പാമ്പിന്റെ സാന്നിധ്യമുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. തൊഴുത്തിന്റെ കരിങ്കല്ലിനിടയില്‍ നിന്ന് പിടികൂടിയ പാമ്പിന്റെ വാല്‍ പിടിച്ച് ചാക്കിലേക്കാന്‍ ശ്രമിച്ചപ്പോഴാണ് വാവ സുരേഷിന്റെ വലതുകാലിന്റെ തുടയില്‍ മൂര്‍ഖന്റെ കടിയേറ്റത്.കടിയേറ്റതോടെ പിടി വിടുകയും പാമ്പ് ആള്‍ക്കൂട്ടത്തിലേക്ക് ഇഴഞ്ഞുനീങ്ങാനും തുടങ്ങി. മനോധൈര്യം കൈവിടാതെ അദ്ദേഹം പാമ്പിനെ പിടിച്ച് കാര്‍ഡ്‌ബോര്‍ഡ് ബോക്‌സിലാക്കി തന്റെ കാറില്‍ കൊണ്ടുവെച്ചു. തുടര്‍ന്ന് തനിക്കുള്ള പ്രാമിക ശുശ്രൂഷ സ്വയം ചെയ്തു. കാലിലെ കടിയേറ്റ ഭാഗം വെള്ളം കൊണ്ട് കഴുകി രക്തം ഞെക്കിക്കളഞ്ഞ് തുണി കൊണ്ട് മുറിവ് കെട്ടി. പിന്നീട് തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പറയുകയായിരുന്നു. കോട്ടയം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Post a Comment

0 Comments