'ഞാനൊരു കമ്മ്യൂണിസ്റ്റുകാരി, ശബരിമലയില്‍ ഞങ്ങളെ കയറ്റിയത് തങ്ങളല്ലെന്നു പറയുന്നത് സര്‍ക്കാരിന്റെ ചങ്കൂറ്റമില്ലായ്മ'


കോഴിക്കോട്: സുപ്രീം കോടതി ഉത്തരവുണ്ടായിട്ട് പോലും തന്റെ ജീവന്‍ അക്രമികള്‍ക്ക് എറിഞ്ഞുകൊടുക്കുകയാണ് കേരള സര്‍ക്കാരെന്ന് ബിന്ദു അമ്മിണി.തനിക്ക് നിരന്തരമായ ആക്രമണം നേരിടുന്നത് സര്‍ക്കാര്‍ തനിക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തുന്നത് കൊണ്ടാണെന്നും ബിന്ദു അമ്മിണി പറയുന്നു.

 ദി ക്യൂവിനു നല്‍കിയ അഭിമുഖത്തില്‍ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം കേരള സര്‍ക്കാരിന് യുവതികളെ ശബരിമലയില്‍ കയറ്റേണ്ട ഉത്തരവാദിത്വമുണ്ട് എന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.ബിന്ദു അമ്മിണിയുടെ വാക്കുകള്‍ ഇങ്ങനെ, 'സര്‍ക്കാര്‍ ഏതു പാര്‍ട്ടിയായാലും അവര്‍ക്ക് യുവതികളെ പ്രവേശിപ്പിക്കേണ്ട ഉത്തരവാദിത്വമുണ്ട്. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ആയിരുന്നു ഞങ്ങളുടെ പ്രവേശനം എന്ന് ആരോപിച്ചാല്‍ തന്നെ ഞങ്ങള്‍ അല്ല കയറ്റിയത് എന്ന് സര്‍ക്കാര്‍ പറയേണ്ട ആവശ്യമില്ല. 

സര്‍ക്കാര്‍ ആണോ ഞങ്ങളെ കയറ്റിയത് എന്നത് വേറെ വിഷയം. ഞാന്‍ ഒരു കമ്മ്യുണിസ്റ്റുകാരിയാണ്. എന്നാല്‍ സിപിഎമ്മിന്റെ സിപിഐയിലോ എനിക്ക് മെമ്ബര്‍ഷിപ് ഇല്ല.''ഞങ്ങള്‍ ശബരിമലയില്‍ കയറുമ്ബോള്‍ ഞങ്ങള്‍ക്ക് പോലീസിന്റെ സംരക്ഷണം ഉണ്ടായിരുന്നു. അത് സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ്. എന്നാല്‍ ഇതിനു ശേഷം എന്തുകൊണ്ട് സര്‍ക്കാര്‍ വീണ്ടും യുവതികളെ പ്രവേശിപ്പിക്കാന്‍ തയ്യാറാവുന്നില്ല? ഇന്നുവരെ കൈരളി ടിവിയില്‍ എന്റെ ഒരു ബൈറ്റ് പോലും വന്നിട്ടില്ല. എന്നെ ഒഴിവാക്കുകയാണ്. ബിന്ദു അമ്മിണി എന്ന ആളെ അവര്‍ ഭയക്കുന്നു.'

'ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ പോലും വ്യത്യസ്തമല്ല. സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടന എന്നെ ഒരു പരിപാടിക്ക് വിളിച്ചിട്ട് പിന്നീട് അവര്‍ അതില്‍ നിന്ന് പിന്മാറുകയായിരുന്നു. മൊത്തത്തില്‍ കേരളത്തിലെ സര്‍ക്കാരിന്റെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ചങ്കൂറ്റമില്ലായ്മ തന്നെയാണ് ഞങ്ങളുടെ വിഷയത്തില്‍ ഉണ്ടായിട്ടുള്ളത്' എന്നും ബിന്ദു അമ്മിണി പറയുന്നു.

Post a Comment

0 Comments