വാഷിങ്ടണ്‍ ഡി.സി: ഐ.എസ് തലവന്‍ അബു ഇബ്റാഹിം അല്‍ ഹാഷിമിയെ സിറിയയിലെ വ്യോമാക്രമണത്തില്‍ യു.എസ് സൈന്യം വധിച്ചതായി പ്രസിഡന്‍റ് ജോ ബൈഡന്‍.വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
'ഇന്നലെ രാത്രി എന്‍റെ നിര്‍ദ്ദേശപ്രകാരം യു.എസ് സൈനികര്‍ വിജയകരമായി നടത്തിയ ഭീകരവിരുദ്ധ നടപടിയിലൂടെ ഐ.എസ് തലവന്‍ അബു ഇബ്റാഹിം അല്‍ ഹാഷിമിയെ യുദ്ധക്കളത്തില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു. ഞങ്ങളുടെ സായുധ സേനയുടെ ധീരതയ്ക്ക് നന്ദി' -ബൈഡന്‍ ട്വീറ്റ് ചെയ്തു. നടപടിയില്‍ പങ്കെടുത്ത യു.എസ് സൈനികരെല്ലാം സുരക്ഷിതരായി മടങ്ങിയെന്നും ബൈഡന്‍ അറിയിച്ചു.
സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലാണ് ഇന്നലെ രാത്രി യു.എസ് സേന വ്യോമാക്രമണം നടത്തിയത്. സിറിയന്‍ വിമതരുടെ അവസാന ശക്തികേന്ദ്രമായി കരുതുന്ന നഗരമാണ് ഇദ്‌ലിബ്. നഗരത്തിലെ ഒരു കെട്ടിടത്തെ ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തില്‍ ആറ് കുഞ്ഞുങ്ങളും നാല് സ്ത്രീകളും ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2019 നവംബറിലാണ് അബു ഇബ്റാഹിം അല്‍ ഹാഷിമി ഐ.എസിന്‍റെ തലപ്പത്ത് എത്തിയത്. കൊല്ലപ്പെട്ട അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ പിന്‍ഗാമിയായാണ് അബു ഇബ്റാഹിം അല്‍ ഹാഷിമി സ്ഥാനമേറ്റെടുത്തത്.
0 Comments