'എന്നോടൊപ്പം തോളോട് തോൾ ചേർന്ന് അവൾ'; ​വിവാഹമോചനത്തിന് ശേഷം മകളെ കുറിച്ച് ​​ഗൗതമി പറയുന്നു!

 


തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് നായികയായി തിളങ്ങി നിന്നിരുന്ന നടിയാണ് ​ഗൗതമി. 'തളിർവെറ്റിലയുണ്ടോ‌...' എന്ന ധ്രുവം സിനിമയിലെ ​ഗാനം മാത്രം മതി ​ഗൗതമിയെ മലയാളികൾ ഓർക്കാൻ. ക്രിസ്തുവിനെ ആസ്പദമാക്കിയുള്ള ദയമായുധു എന്ന തെലുഗു ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ഗൗതമിയുടെ കരിയർ ആരംഭിച്ചത്. 

തന്റെ ബിരുദ വിദ്യഭ്യാസ കാലത്താണ് ആദ്യ ചിത്രത്തിൽ അഭിനയിക്കാൻ ​ഗൗതമിക്ക് അവസരം ലഭിക്കുന്നത്. ദയമായുധു‌വിൽ അതിഥി വേഷമായിരുന്നു ​ഗൗതമിക്ക്.തെലുങ്കിൽ നായികയായത് ​ഗാന്ധിന​ഗർ രണ്ടാവ വിധി എന്ന സിനിമയിലൂടെയാണ്. ഈ രണ്ട് തെലുങ്ക് സിനിമകൾ റിലീസ് ചെയ്ത ശേഷമാണ് തമിഴ് സിനിമകളിലേക്കുള്ള ക്ഷണം ​ഗൗതമിക്ക് ലഭിക്കുന്നത്. തമിഴിൽ ഗുരു ശിഷ്യൻ എന്ന ചിത്രത്തിൽ രജനികാന്തിന്റെ നായികയായിരുന്നു ​ഗൗതമി. ഖുശ്ബു, ഭാനുപ്രിയ എന്നിവരോടൊപ്പം തന്നെ ഗൗതമിയും എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ പകുതിയിലും തമിഴിലെ മുൻനിര നായിക നടിമാരിൽ ഒരാളായിരുന്നു ​ഗൗതമി. തേവർ മകൻ എന്ന ചിത്രത്തിലെ ​ഗൗതമിയുടെ അഭിനയമാണ് ചലച്ചിത്ര പ്രേക്ഷകർക്കിടയിൽ നടിയെ ശ്രദ്ധേയയാക്കിയത്.

1997ൽ മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രത്തിൽ മോഹൻലാൽ, ഐശ്വര്യ റായ്, തബു, പ്രകാശ് രാജ് എന്നിവരോടൊപ്പം ​ഗൗതമി അഭിനയിച്ചതും ശ്രദ്ധേയമാ‍യ ഒരു കഥാപാത്രത്തെയായിരുന്നു. കന്നട, ഹിന്ദി, മലയാളം ഭാഷ ചിത്രങ്ങളിലും ഗൗതമി അഭിനയിച്ചിട്ടുണ്ട്. 1989ൽ ആണ് ​ഗൗതമി കമൽഹാസനൊപ്പം സിനിമ ചെയ്തത്. അപൂർവ സഹോദരങ്ങൾ എന്നായിരുന്നു സിനിമയുടെ പേര്. കാർത്തിക്, പ്രഭു, വിജയകാന്ത്, സത്യരാജ് തുടങ്ങിയവർക്കൊപ്പവുമെല്ലാം ​ഗൗതമി തിളങ്ങിയിട്ടുണ്ട്. മലയാളത്തിൽ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയുമെല്ലാം നായികയായിരുന്നു ​ഗൗതമി. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 1998ൽ സന്ദീപ് ഭാട്ടിയ എന്ന ബിസിനസുകാരനെ ​ഗൗതമി വിവാഹം ചെയ്തു.

എന്നാൽ വളരെ കുറച്ച് നാളുകൾക്ക് മാത്രമെ ആ വിവാഹ ബന്ധത്തിന് ആയുസുണ്ടായിരുന്നുള്ളൂ. 1999ൽ ഇരുവരും വിവാഹമോചിതരായി. ആ ബന്ധത്തിൽ ​ഗൗതമിക്ക് സുബ്ബുലക്ഷ്മി എന്ന ഒരു മകളുണ്ട്. അതിനിടെയിൽ താരത്തെ കാൻസർ പിടികൂടി. ആ സമയത്ത് കമൽഹാസൻ എപ്പോഴും ​ഗൗതമിക്ക് സഹായമായി ഉണ്ടായിരുന്നു. ശേഷം ഇരുവരും 2004 മുതൽ പ്രണയത്തിലാവുകയും ചെയ്തു. എന്നാൽ ഒരുമിച്ച് ജീവിക്കാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് 2016ൽ ഇരുവരും പിരിഞ്ഞു. എന്തുകൊണ്ട് പിരിഞ്ഞുവെന്ന കാരണം ഇരുവരും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കമലഹാസുമായി പിരിഞ്ഞ ശേഷം മകൾക്ക് വേണ്ടിയാണ് ​ഗൗതമി ജീവിക്കുന്നത്. മകളുടെ ഭാവിക്കാണ് ഇനി പ്രാധാന്യമെന്നും ​ഗൗതമി പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ താരത്തിന്റെ മകൾ സുബ്ബലക്ഷ്മി വളർന്ന് വലുതായി. വല്ലപ്പോഴും മാത്രമാണ് മകളുടെ ചിത്രങ്ങൾ ​ഗൗതമി പങ്കുവെക്കാറുള്ളത്. അത്തരത്തിൽ കഴിഞ്ഞ ദിവസം ​ഗൗതമി പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. 'ഇതുപോലുള്ള നിരവധി നിമിഷങ്ങളിൽ നിന്നാണ് ഞങ്ങളുടെ ജീവിതയാത്ര നെയ്തെടുത്തത്. കുഞ്ഞ് പെട്ടന്ന് വളർന്നത് പോലെ,.... നിന്നോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുകയാണിപ്പോൾ... ഒരു രക്ഷിതാവിന് ഇതിലും വലിയ സന്തോഷം ഉണ്ടാകാനില്ല. ഞാൻ നിന്നെക്കുറിച്ച് അഭിമാനിക്കുന്നു' ട്രെഡീഷണൽ ലുക്കിൽ മകൾക്കൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവെച്ച് ​ഗൗതമി കുറിച്ചു.

അടുത്തിടെയായി സുബ്ബലക്ഷ്മിയും അമ്മ ​ഗൗതമിയുടെ മാതൃക പിന്തുടർന്ന് സിനിമയിലേക്ക് അരങ്ങേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സുബ്ബലക്ഷ്മിയുടെ ചിത്രങ്ങൾ പുറത്ത് വന്നതോടെ ഉടൻഡ സിനിമാപ്രവേശനം ഉണ്ടാകുമോ എന്നാണ് ആരാധകർ കമന്റായി ചോദിക്കുന്നത്. അമ്പത്തിരണ്ടുകാരിയായ ​ഗൗതമി ജനിച്ചതും വളർന്നതും ആന്ധ്രാപ്രദേശിലാണ്. അഭിനേത്രി എന്നതിലുപരി സിനിമയിൽ വസ്ത്രാലങ്കാരവും ​ഗൗതമി ചെയ്യാറുണ്ടായിരുന്നു.

Post a Comment

0 Comments