നിക്ഷേപമെന്ന നിലയ്ക്കും വായ്പയെന്ന നിലയ്ക്കും ചിട്ടികൾ ജനപ്രീയമാണ്. ഭാവിയിൽ വരാനിരിക്കുന്ന ആവശ്യങ്ങൾ മുന്നിൽ കണ്ട് ചിട്ടിയിൽ കൂടി ആവശ്യ സമയത്ത് വിളിച്ചെടുത്ത് കാര്യം നടത്തുന്നവരുണ്ട്.
ഇതോടൊപ്പം നിക്ഷേപമായും ചിട്ടിയിൽ ചേരുന്നവരുണ്ട്.നിക്ഷേപം എന്ന കണക്കെ ചിട്ടിയിൽ ചേരുന്നവർക്ക് മികച്ച ആശയമാണ് കെഎസ്എഫ്ഇ മൾട്ടി ഡിവിഷൻ ചിട്ടികൾ. 10 ലക്ഷം രൂപയുടെ മൾട്ടി ഡിവിഷൻ ചിട്ടിയിൽ ചേർന്ന് 4 ലക്ഷം രൂപ അടച്ചാൽ 9.5 ലക്ഷം രൂപ കയ്യിലെത്തുന്ന നിക്ഷേപ രീതിയാണ് ചുവടെ വിശദീകരിക്കുന്നത്.
ചിട്ടിയും മൾട്ടി ഡിവിഷൻ ചിട്ടിയും
മൾട്ടി ഡിവിഷൻ ചിട്ടിയും സാധാരണ ചിട്ടിയും തമ്മിൽ വലിയ വ്യത്യാസങ്ങളില്ല. കുറച്ച് പേർ ചേർന്ന് രൂപീകരിക്കുന്ന ഫണ്ടാണ് ചിട്ടി. മാസ അടവാണ് ചിട്ടിയിലുണ്ടാവുക. നിശ്ചിത കാലത്തേക്ക് നിശ്ചിത തുക അടയ്ക്കണം. നിക്ഷപത്തിനൊപ്പം വായ്പയുടെ ആനുകൂല്യങ്ങളും ചിട്ടിയിൽ നിന്ന് ലഭിക്കും. അംഗങ്ങളിൽ ആവശ്യമുള്ളവർക്ക് ചിട്ടിയിൽ നിന്ന് വായ്പ ലഭിക്കും.
അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ചാകും കാലാവധിയും എന്നതാണ് ചിട്ടിയുടെ കണക്ക്. ഓരോ മാസത്തിലും ഓരോരുത്തർക്കായി ചിട്ടിയിൽ നിന്ന് തുക വിളിച്ചെടുക്കാം. ഇത് പ്രകാരം ചിട്ടിയിൽ നിന്ന് ലാഭ വിഹിതം ലഭിക്കും. ഇത്തരത്തിലുള്ള ഒന്നിലധികം ചിട്ടികൾ ചേരുന്നതാണ് മൾട്ടിഡിവിഷൻ ചിട്ടികൾ. സാധാരണയായ നാല് ഡിവിഷനുകളുള്ള ചിട്ടിയാണ് ഉണ്ടാവുക. ഇതിൽ മാസത്തിൽ ഒരാൾക്ക് നറുക്കും മൂന്ന് പേർക്ക് ലേലത്തിലൂടെയും ചിട്ടി ലഭിക്കും. ബാക്കി രീതിയിൽ സാധാരണ ചിട്ടിക്ക് സമാമാണ്.
നേട്ടം എങ്ങനെ
10,000 രൂപ മാസ അടവുള്ള 100 മാസത്തേക്കുള്ള 10 ലക്ഷത്തിന്റെ മൾട്ടിഡിവിഷൻ ചിട്ടിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ മൾട്ടി ഡിവിഷൻ ചിട്ടിയിൽ ചേർന്നൊരാൾക്ക് ആദ്യ മാസം നറുക്ക് കിട്ടിയാൽ കെഎസഎഫ്ഇയുടെ 5 ശതമാനം കമ്മീഷനും കിഴിച്ച് 9.5 ലക്ഷം രൂപ ലഭിക്കും. ഇത്തരത്തിൽ ആദ്യ നറുക്കിൽ പണം ലഭിച്ചായാൾകാണ് 4 ലക്ഷത്തോളം നിക്ഷേപിച്ച് 9.5 ലക്ഷം രൂപ സ്വന്തമാക്കാൻ സാധിക്കുക.
ഇതിനായി ആദ്യം നറുക്കിൽ ലഭിച്ച ചിട്ടി തുക കെഎസ്എഫ്ഇയിൽ സ്ഥിരനിക്ഷേപമാക്കി മാറ്റുകയാണ് വേണ്ടത്. ഇതിന് 6.5 ശതമാനം പലിശ കെഎസ്എഫ്ഇ നൽകും. ലേലത്തിലൂടെ വിളിച്ചെടുക്കുകയാണെങ്കിൽ 35 ശതമാനം വരെ കിഴിച്ച് ചിട്ടി വിളിച്ചെടുക്കാൻ സാധിക്കും.
മാസത്തിൽ പരമാവധി അടയ്ക്കേണ്ട തുകയാണ് 10,000 രൂപ. വീതോഹരി ലഭിക്കുമ്പോൾ ഇത് 8,000 രൂപ വരെയായി കുറയും, ആദ്യ 50 തവണകളോളം 8,000 രൂപയും 50 മുതൽ 70 തവണകളില്‍ 8,500 രൂപയും അടയ്ക്കേണ്ടി വരും.
70-90 വരെയുള്ള അടവുകളിൽ 9,000 രൂപയും അവസാന പത്ത് അടവുകളിൽ 10,000 രൂപ വരെയും അടയക്കേണ്ടി വരും. ചിട്ടി വിളിച്ചെടുക്കാൻ ആൾക്കാരുള്ളതിന് അനുസരിച്ച് ഈ തുകകളിൽ വ്യത്യാസം വരും. ഇപ്രകാരം 100 മാസം കൊണ്ട് 8,64,000 രൂപയായിരിക്കും ആകെ അടയ്ക്കേണ്ടി വരിക (ഏകദേശ കണക്കാണിത്).
ആദ്യ നറുക്കിൽ ലഭിച്ച 9.5 ലക്ഷം രൂപ സ്ഥിര നിക്ഷേപം നടത്തുമ്പോൾ 6.5 ശതമാനം പലിശ നിരക്കിൽ മാസത്തിൽ ലഭിക്കുന്ന പലിശ 5146 രൂപയാണ്. 100 മാസത്തേക്ക് 5,14,600 രൂപ പലിശയായി ലഭിക്കും.
ഇതിൽ നിന്ന് നികുതി മറ്റു ചെലവുകളായി 10 ശതമാനം കുറച്ചാൽ 4,63,140 രൂപ ലഭിക്കും. ഇതുപ്രകാരം 4,00,860 രൂപ മാത്രമാണ് അടയ്ക്കേണ്ടി വരുന്നത്. കാലാവധിയെത്തുമ്പോൾ 9.5 ലക്ഷം സ്ഥിര നിക്ഷേപത്തിൽ നിന്ന് പിൻവലിക്കാനും സാധിക്കും. ഇത്തരത്തിൽ നിക്ഷേപിക്കുന്നതിലൂടെ വലിയ നേട്ടം സ്വന്തമാക്കാം എന്നതിനൊപ്പം കെഎസ്എഫ്ഇയിൽ നിന്ന് ചിട്ടി തുക വാങ്ങിച്ചെടുക്കാനുള്ള ജാമ്യം കണ്ടെത്തേണ്ട ആവശ്യവും വരുന്നില്ല.

0 Comments