ഏതൊരു മനുഷ്യൻ്റെയും ജീവിതത്തെ മനോഹരമാക്കുന്നത് നമ്മുടെ പ്രവൃത്തികളും, ചിന്തകളുമാണ്. പോസിറ്റീവായി ചിന്തിക്കുവാനും, നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കുമ്പോഴുമാണ് ജീവിതം അർത്ഥവത്തതായി മാറുന്നത്.
മതിയായ പരിഗണനയും, സ്നേഹവും ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ ഒറ്റപ്പെട്ട് പോയ മനുഷ്യർ നമ്മുക്ക് ചുറ്റും നിരവധിയുണ്ട്. അതിനുള്ള കാരണങ്ങൾ പല തരത്തിലാകാം. കുറ്റപ്പെടുത്തലുകളിൽ നിന്നും, കളിയാക്കലുകളിൽ നിന്നും, മാറ്റി നിർത്തലുകളിൽ നിന്നും ചേർത്ത് പിടിക്കലിൻ്റെ മാതൃക നമ്മുക്ക് മുൻപിൽ കാണിച്ച് തന്ന രണ്ട് മനുഷ്യരെക്കുറിച്ചാണ് പറയാൻ പോകുന്നത്.
ഇടുക്കി സ്വദേശികളായ ലിജിയും, സുജിത്തും. ഇരുവരും ഇടുക്കിയിലാണെകിലും നിലവിൽ താമസിക്കുന്നത് തിരുവനന്തപുരത്താണ്. പേര് പറയുമ്പോൾ അത്ര പരിചിതരായി തോന്നില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് രണ്ടുപേരും. തങ്ങളുടെ ജീവിതത്തിലെ കുഞ്ഞു സന്തോഷങ്ങളും, സങ്കടങ്ങളും വിശേഷങ്ങളുമെല്ലാം ഇവർ പങ്കുവെക്കാറുണ്ട്. ‘ലിജി സുജിത്ത്’ എന്ന പേരിൽ ഇരുവർക്കും ഒരു യുട്യൂബ് ചാനൽ തന്നെ സ്വന്തമായിട്ടുണ്ട്. തങ്ങളുടെ സങ്കടങ്ങളെയും, പ്രയാസങ്ങളെയും വിധിയ്ക്ക് മേലേ പഴിചാരതെ ജീവിതത്തെ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഈ ദമ്പതികൾ.
ആരോഗ്യപരമായ ബുദ്ധിമുട്ടുകളെത്തുടർന്ന് സ്വന്തം കാര്യങ്ങൾ മറ്റൊരാളുടെ സഹായം കൂടാതെ ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ് ലിജിയുള്ളത്. വിവാഹം കഴിഞ്ഞ് അൽപ്പ നാളുകൾക്ക് ശേഷം അസുഖം ലിജിയെ ബാധിക്കുകയായിരുന്നു. ലിജിയും, സുജിത്തും വിവാഹിതരായിട്ട് രണ്ടു വർഷം കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയതേയുള്ളു. വിവാഹ വാർഷിക ദിനത്തിൽ ഭാര്യയെ ചേർത്ത് പിടിച്ച് പരസ്പരം സന്തോഷം പങ്കുവെച്ച് സുജിത്ത് ഒരുവീഡിയോ പങ്കുവെക്കുകയും ഈ വീഡിയോ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പലപ്പോഴും നിസാരമായ അസുഖങ്ങൾ വരുമ്പോൾ പോലും കൂടെയുള്ളവരുടെ ഉത്തരവാദിത്വം നാളെ തനിയ്ക്ക് ഒരു ഭാരമാകുമോ എന്ന് ചിന്തിക്കുന്നവർക്കിടയിൽ മാതൃകയായി മാറിയ വ്യക്തിയാണ് സുജിത്ത്.
തൻ്റെ പ്രാണൻ്റെ പാതിയായ ഭാര്യയെ ജീവനോളം അയാൾ സ്നേഹിക്കുകയാണ്. ആശുപത്രി കിടക്കയിലും, വീട്ടിലും ഒരു കുഞ്ഞിനെ പരിചരിക്കുന്നത് പോലെയാണ് സുജിത്ത് ലിജിയുടെ കാര്യങ്ങൾ ചെയ്‌തു കൊടുക്കുന്നത്. തിരിച്ച് ലിജിയും അങ്ങനെ തന്നെയാണ്. സുജിത്തിനൊപ്പം റീൽസ് ചെയ്യുവാനും, പടമെടുക്കുവാനെല്ലാം ഏറെ സന്തോഷത്തോടെയാണ് ലിജിയുള്ളത്. സമൂഹ മാധ്യമങ്ങളിൽ തൻ്റെ ഭാര്യയ്ക്കൊപ്പം സുജിത്ത് പങ്കുവെക്കുന്ന വീഡിയോ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുവാനോ, വെള്ളം കുടിക്കുവാനോ കഴിയാത്ത അവസ്ഥയിലാണ് ലിജി. ഭക്ഷണം കഷ്ടിച്ച് കഴിക്കാൻ സാധിക്കുമെങ്കിലും, വെള്ളം മൂക്കിലൂടെ ഇട്ട പൈപ്പ് വഴിയാണ് ശരീരത്തിലേയ്ക്ക് എത്തുന്നത്.

0 Comments