കവിളോരത്ത് ഇത്തിരിപ്പൊട്ടിന്റെ വലുപ്പത്തിലൊരു മുഖക്കുരു തലപൊക്കേണ്ട താമസം...അതോടെ തീരും എല്ലാം. പലരുടേയും അന്നുവരെ കെട്ടിപ്പൊക്കിയ സൗന്ദര്യബോധം പളുങ്കുപോലെ ഉടഞ്ഞു വീഴും.
ഷാംപുവിലും എണ്ണയിലും സുഖചികിത്സയേറ്റ് പാറിപ്പറന്നു കിടക്കുന്ന മുടിയൊരെണ്ണം കൊഴിഞ്ഞു വീണാലുംമതി, ടെൻഷനോട് ടെൻഷനാണ്. പിന്നെ ഇരിക്കപ്പൊറുതി ഇല്ലാതെ ലേസർ ട്രീറ്റ്മെന്റിലും, ബോട്ടക്സ് ചികിത്സകളിലും തുടങ്ങി പ്ലാസ്റ്റിക് സർജറിയിൽ വരെ അഭയം തേടും. ചിപ്പിക്കുള്ളിലെ മുത്തുപോലെ തങ്ങളുടെ സൗന്ദര്യത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആണും പെണ്ണും എല്ലാം ഒരുപോലെ ഈ ഗണത്തിൽ പെടും. ചുരുക്കി പറഞ്ഞാൽ കൗമാരം കടന്ന് യൗവനത്തിലേക്ക് കാലൂന്നുന്ന ഓരോരുത്തരുടേയും ബ്യൂട്ടി കോൺഷ്യസിന് അവരുടെ തലയെ പോലെ വിലയുണ്ട് എന്നർത്ഥം.
ഇവിടെയിതാ ഒരു പെണ്ണൊരുത്തി സൗന്ദര്യ സങ്കൽപ്പങ്ങളിൽ അഭിരമിക്കുന്നവരുടെ ചിന്തകളെയും ധാരണകളേയും പൊളിച്ചെഴുതുകയാണ്. കൺപീലി വണ്ണത്തിൽ മുഖത്ത് കറുപ്പ് പൊടിഞ്ഞാൽ ഉടയുന്ന സൗന്ദര്യബോധങ്ങൾക്കു നടുവിലേക്ക് ‘മീശപിരിച്ച്’ വരികയാണവൾ. പേരും അത് തന്നെ മീശക്കാരി!
ആണിന്റെ മൂക്കിനു കീഴെ മീശ കണ്ടാൽ ‘ആഹാ’ എന്നും പെണ്ണിന്റെ മുഖത്ത് നാല് രോമം എത്തിനോക്കിയാൽ തന്നെ ‘അയ്യേ.’. എന്നും പറയുന്ന സൗന്ദര്യബോധങ്ങളുടെ കാലത്ത് കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ ഈ ‘മീശക്കാരി’ വേറിട്ടു നിൽക്കുന്നതെങ്ങനെ. ഉത്തരം ഷൈജയെന്ന മീശക്കാരി പറയും.
‘ ഒരു മീശയല്ലേ ചേട്ടാ... മൂക്കിന് കീഴെയുള്ള കുറച്ച് രോമങ്ങൾ അതിന്റെ പേരിൽ എന്തിനാണീ പുകില്? എന്റെ മീശ എന്റെ മേൽവിലാസമാണ്. എന്റെ മറ്റേത് ശരീരഭാഗങ്ങളേയും പോലെ എനിക്ക് പ്രിയപ്പെട്ടതാണ്. അതിന്റെ മേൽ കത്തിവയ്ക്കാൻ തൽക്കാരം താൽപര്യമില്ല. മറ്റുള്ളവരുടെ ‘കത്തി’ മൈൻഡാക്കുന്നതുമില്ല.’– പുഞ്ചിരിയോടെ ഷൈജയെന്ന മീശക്കാരി പറയുന്നു.
സോഷ്യൽ മീഡിയ ഗ്രൂപ്പിൽ നൽകിയ പരിചയപ്പെടുത്തലിൽ നിന്നാണ് ഷൈജയും അവളുടെ മീശയും വിശ്വവിഖ്യാതമാകുന്നത്. കണ്ടമാത്രയിൽ കളിയാക്കാനും കയ്യടിക്കാനും ഒരു കൂട്ടമെത്തി. ഒന്നിനേയും കൂസാക്കാത്ത ഷൈജയുടെ പോസിറ്റീവ് ആറ്റിറ്റ്യൂഡിനെ സോഷ്യൽ മീഡിയ നെഞ്ചേറ്റുമ്പോൾ ഷൈജ വനിത ഓൺലൈൻ വായനക്കാരോട് ഹൃദയം തുറക്കുകയാണ്. സോഷ്യൽ ലോകം ഹൃദയത്തിലേറ്റുവാങ്ങിയ മീശയുടെ കഥ ഇതാ ഇവിടെ തുടങ്ങുന്നു...
meeshakkari-3
വിശ്വവിഖ്യാതമായ മീശ
പൊടിമീശക്കാരിയിൽ നിന്നും കട്ടിമീശയിലേക്കുള്ള ദൂരം. എനിക്കു നേരെ പതിച്ച കളിയാക്കലുകൾക്കും അത്രയേറെ കാലദൈർഘ്യമുണ്ട്. കൗമാരം കടന്ന് യൗവനം തൊട്ടപ്പോഴേ മൂക്കിന് താഴെയുള്ള കറുപ്പ് ശക്തമായി വരവറിയിച്ചു. അന്നു തുടങ്ങിയതാണ് കളിയാക്കലുകൾ, ഇന്നും അത് ഒരു മാറ്റവുമില്ലാതെ തുടർന്നു കൊണ്ടേയിരിക്കുന്നു. കുടുംബക്കാരും ബന്ധുക്കളും ആദ്യമൊക്കെ കളിയാക്കുമായിരുന്നു. എന്റെ അനിയൻ പറയും നീ ആണായിട്ട് ജനിക്കേണ്ടതായിരുന്നു എന്ന്. പിന്നെ പിന്നെ അവർക്ക് മനസിലായി മീശയും ഞാനുമായുള്ള ആത്മബന്ധം. അതോടെ വീട്ടുകാരുടെ വക കളിയാക്കലുകൾ നിന്നു. – ഷൈജ പറഞ്ഞു തുടങ്ങുകയാണ്.
ആൾക്കൂട്ടമാകട്ടെ, കുടുംബത്തിലെ ചടങ്ങുകളാകട്ടെ എവിടെ പോയാലും ആൾക്കാർ മീശയിലേക്ക് തുറിച്ചു നോക്കും. ദേ...മീശ നോക്ക്... പെണ്ണിന് മീശ... അയ്യേ ഇതെന്താ ആണാണോ....എന്നിങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും. പരിഹാസത്തിൽ പൊതിഞ്ഞ കമന്റുകൾ വേറെ. അവരൊടൊക്കെ വിനയത്തോടെ പറയട്ടെ മീശയിരിക്കുന്നത് എന്റെ മുഖത്തല്ലേ അതിൽ നിങ്ങൾക്കെന്താണ് കുഴപ്പം– ‘മീശയിൽ’ ഷൈജ നയം വ്യക്തമാക്കുന്നു.

0 Comments