ഓട്ടോ ഓടിച്ച് കിട്ടുന്നതില്‍ പങ്ക് അശരണര്‍ക്കും: മാതൃകയായി ഓട്ടോ ഡ്രൈവര്‍ അനസ്


 അരൂര്‍: ഓട്ടോ ഓടിച്ച് ജീവിതം തട്ടിമുട്ടി മുന്നോട്ടുപോകുമ്പോഴും അശരണര്‍ക്ക് താങ്ങായി മാതൃകയായി അനസ് പാണാവള്ളി എന്ന ഓട്ടോ ഡ്രൈവര്‍. 

വീട്ടില്‍ പരിമിതികളുള്ളവരുടെ മിഴികളില്‍ നിറയുന്ന കണ്ണുനീര്‍ ഒപ്പി ചെറു പുഞ്ചിരി സമ്മാനിക്കാനായാല്‍ അതാണ് ജീവിതത്തില്‍ ഏറ്റവും വലിയ കാര്യമെന്ന് അനസ് പറയുന്നു.

രാത്രികാലത്ത് ഓട്ടോറിക്ഷ ഓടിക്കുക എന്നതായിരുന്നു അനസിന്റെ ജീവിത മാര്‍ഗം. ആറ് വര്‍ഷം മുന്‍പ് എറണാകുളത്ത് കണ്ട ഒരു കാഴ്ചയാണ് അനസിന്റെ മനസ്സ് മാറ്റി ചിന്തിപ്പിച്ചത്. ജോസ് ജംങ്ഷനിലെ സ്റ്റാന്‍ഡിനു സമീപം കിട്ടിയ ഒരു പൊതിച്ചോര്‍ സ്വന്തമാക്കാന്‍ മൂന്ന് യാചകര്‍ തമ്മില്‍ അടികൂടുന്നതായിരുന്നു ആ കാഴ്ച.

കാര്യമറിയാതെ ഇവരെ പിടിച്ചുമാറ്റുമ്പോള്‍ അനസടക്കമുള്ളവര്‍ വീട് പോറ്റാന്‍ പാതി വയര്‍ മാത്രം നിറച്ച് ജോലി ചെയ്യുകയായിരുന്നു. 14 വര്‍ഷമായി ഓട്ടോറിക്ഷ ഓടിച്ചാണ് അനസ് കഴിയുന്നത്. എന്നാല്‍, ആറ് വര്‍ഷം മുന്‍പുള്ള ഈ കാഴ്ച അനസിന്റെ ജീവിത കാഴ്ചപ്പാടുകളെപ്പോലും മാറ്റി ചിന്തിപ്പിച്ചു.

അന്നുമുതല്‍ രാത്രിയില്‍ എറണാകുളം നഗരത്തില്‍ ഭക്ഷണത്തിനായി അലയുന്നവര്‍ക്കായി പൊതിച്ചോറ് തന്റെ ഓട്ടോയില്‍ കരുതി. നിലവില്‍ നിത്യേന 40 പൊതിച്ചോര്‍ രാത്രിയില്‍ വഴിയരികില്‍ വിതരണം ചെയ്യുന്നു. അതും അര്‍ഹരായവര്‍ക്ക് മാത്രം. അനസിന്റെ ഈ സദ്പ്രവൃത്തി അറിഞ്ഞവരില്‍ ചിലര്‍ സഹായവുമായെത്തി.

അതോടെ ഓണം, ക്രിസ്മസ്, പെരുന്നാള്‍ എന്നീ ദിനങ്ങള്‍ ആഘോഷിക്കാന്‍ കഴിയാത്തവരെ സഹായിക്കാനും തീരുമാനിച്ചു. അത് തുടര്‍ന്നിട്ട് നാലുവര്‍ഷമായി, ഇത്തവണയും അനസ് ഓണക്കോടി മുടക്കുന്നില്ല. വിധവകളായവരും രോഗികളുമായ അന്‍പത് പേര്‍ക്കാണ് ഇത്തവണ കോടി നല്‍കുന്നത്. ഒപ്പം തൊടുപുഴയിലുള്ള സ്‌നേഹവീട്ടിലെ അമ്മമാര്‍ക്ക് ഓണസദ്യയും നല്‍കും.

കോവിഡ് കാലത്ത് പോലും അനസ് തന്റെകള്‍ നിര്‍ത്തിയില്ല. അന്ന് പെട്ടുപോയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കോവിഡ് ബാധിതരായ വീട്ടുകാര്‍ക്കും സഹായം നല്‍കിയിരുന്നു.

അനസിനൊപ്പം പിന്തുണയുമായി ഭാര്യ സജ്‌നയും മക്കളായ ആസിയ, ആമിന എന്നിവരും ഉണ്ട്. 50 പേര്‍ക്ക് ഓണക്കോടി നല്‍കുന്ന പരിപാടി ഞായറാഴ്ച വൈകീട്ട് മൂന്നിന് ചന്തിരൂര്‍ ചള്ളിത്തറ ഹാളില്‍ എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ബിനീഷ് സെബാസ്റ്റ്യന്‍, സംവിധായകന്‍ സനി രാമദാസന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Post a Comment

0 Comments