സിനിമ സീരിയൽ രംഗത്തെ നിറ സാനിധ്യം നടൻ ‘നെടുമ്പ്രം ഗോപി’ അന്തരിച്ചു. 85 വയസായിരുന്നു അദ്ദേഹത്തിന്. തിരുവല്ലയിൽ വെച്ചായിരുന്നു അന്ത്യം. ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടർന്നാണ് മരണം.
മമ്മൂട്ടി നായകനായെത്തിയ എക്കലത്തെയും സൂപ്പർ ഹിറ്റ് ചിത്രം ‘കാഴച’ – യിൽ മമ്മൂട്ടിയുടെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ഗോപി സിനിമരംഗത്ത് കൂടുതലായി ശ്രദ്ധിക്കപ്പെടുന്നത്.ശീലാബതി, അശ്വാരൂഡൻ, പകർന്നാട്ടം, കാളവർക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡൻ, തനിയെ, ആനന്ദഭൈരവി, ഉൽസാഹ കമ്മിറ്റി, ആലിഫ് എന്ന് തുടങ്ങി നിരവധി സിനിമകളിൽ വലുതും, ചെറുതുമായ കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
സിനിമകളിൽ മാത്രമായിരുന്നില്ല, സീരിയലുകളിലും സജീവമായിരുന്നു ഗോപി. അനവധി സീരിയലുകളുടെ ഭാഗമാകാനും അദ്ദേഹത്തിന് സാധിച്ചു.ഭാര്യ കമലമ്മ, റിട്ടയേർഡ് ഹെഡ്മിസ്ട്രസാണ്. സുനിൽ ജി നാഥ്, സുനിത, സുബിത എന്നീ മൂന്ന് മക്കളാണുള്ളത്. സിനിമയിലെ കാരണവസ്ഥാനത്തുള്ള വ്യക്തിയായിട്ടാണ് അദ്ദേഹത്തെ എല്ലാവരും കണക്കാക്കിയിരുന്നത്. നടന് അനുശോചനം അറിയിച്ചു കൊണ്ട് സിനിമ താരങ്ങള്‍, കലാ- സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവരെല്ലാം രംഗത്തെത്തുന്നുണ്ട്. പ്രിയ സഹപ്രവർത്തകൻ്റെ വിയോഗവാർത്തയിൽ സംവിധായകൻ ‘ജയരാജ്’ അനുശോചനം അറിയിച്ചു കൊണ്ട് കുറിച്ച വാക്കുകൾ ഇങ്ങനെയാണ് – ‘മകൾക്ക് , ദൈവനാമത്തിൽ , പകർന്നാട്ടം , അത്ഭുതം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച എൻ്റെ പ്രിയപ്പെട്ട നടൻ, നെടുമ്പറം ഗോപിചേട്ടന് വിട’.
2004 ഓഗസ്റ്റ് 27 – നായിരുന്നു മമ്മൂട്ടിയെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ‘കാഴ്ച’ എന്ന ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തിയത്. മലയാള സിനിമാ ലോകത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു കാഴ്ച. ഗുജറാത്തിലുണ്ടായ അതി രൂക്ഷമായ ഭൂകമ്പത്തെത്തുടർന്ന് ‘പവൻ’ എന്ന കുട്ടി മാതാപിതാക്കളെ നഷ്ടപ്പെട്ട് കേരളത്തിൽ എത്തപ്പെടുകയും, മാധവനെന്ന സാധാരണക്കാരനായ മനുഷ്യനും, കുടുംബവും അവനെ മകനെപ്പോലെ സ്നേഹിക്കുകയും, വളർത്തുകയും ചെയ്യുന്നു.
ആ കുടുംബത്തിൻ്റെ സ്നേഹവും, കരുതലും ഒരു പ്രത്യേക സാഹചര്യത്തിൽ അവനെ പിരിയേണ്ടി വരുമെന്നായപ്പോൾ അതുമായി ഒരു തരത്തിലും പൊരുത്തപ്പെടാൻ കഴിയാതെ ‘മാധവൻ’ എന്ന സാധരണക്കാരനായ മനുഷ്യൻ നടത്തുന്ന ശ്രമങ്ങളും, പോരാട്ടവുമാണ് ചിത്രത്തിൻ്റെ പ്രധാന പ്രമേയം. കാഴ്ച സിനിമയിൽ നെടുമ്പ്രം ഗോപി അവതരിപ്പിച്ച അച്ഛനായും, മുത്തച്ഛനായുമുള്ള കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നെടുമ്പ്രം ഗോപി എന്ന നടനെ അടയാളപ്പെടുത്തുവാൻ കാഴ്ച എന്ന ഒരൊറ്റ സിനിമ മതി മലയാളികൾക്കെന്ന് എല്ലാവരും അഭിപ്രായപ്പെടാറുണ്ട്. സൗമ്യതയോട് കൂടിയ സംസാരവും, സ്വാഭാവിക അഭിനയവുമാണ് അദ്ദേഹത്തെ മറ്റ് നടന്മാരിൽ നിന്നും വ്യത്യസ്തനാക്കി മാറ്റിയത്. നെടുമ്പ്രം ഗോപിയുടെ വിയോഗത്തിലൂടെ മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത് പകരം വെക്കാനില്ലാത്ത മറ്റൊരു നടനെ കൂടിയാണ്.

0 Comments