ബസ് യാത്രയ്ക്കിടെ ശ്വാസം നിലച്ചു, മരണം മുന്നില്‍ക്കണ്ട വയോധികയ്ക്ക് പുതുജീവന്‍ പകര്‍ന്ന് യാത്രക്കാരിയായ വനിത ഡോക്ടര്‍


 മൂവാറ്റുപുഴ: ബസ് യാത്രയ്ക്കിടെ ശ്വാസം നിലച്ചു മരണം മുന്നില്‍ക്കണ്ട വയോധികയ്ക്ക് പുതുജീവന്‍ പകര്‍ന്ന് ബസിലെ യാത്രക്കാരിയായ വനിത ഡോക്ടര്‍. ആവോലി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.ജൂനിയ ആണ് പുതിയകാവ് സ്വദേശിയായ പുഷ്പയുടെ ജീവനു കാവലായത്.

തൊടുപുഴ- എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവെയാണ് പുഷ്പ കുഴഞ്ഞുവീണത്. ഡോക്ടറും ജീവനക്കാരും യാത്രക്കാരും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനമാണ് പുഷ്പയുടെ ജീവന്‍ രക്ഷിച്ചത്. ഭര്‍ത്താവിനൊപ്പം മുവാറ്റുപുഴയിലേക്കു യാത്ര ചെയ്യുന്നതിനിടെ പെരുവംമുഴിയില്‍ എത്തിയപ്പോഴാണു പുഷ്പ സീറ്റില്‍ കുഴഞ്ഞു വീണത്.

ഇതുകണ്ട് മറ്റ് യാത്രക്കാര്‍ ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടിയ പുഷ്പയ്ക്ക് വെള്ളം കൊടുത്തു. എന്നാല്‍ അപ്പോഴേക്കും കൂടുതല്‍ അവശയാകുകയും ചലനം നിലയ്ക്കുകയും ചെയ്തു. ആവോലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ജൂനിയ പുഷ്പയെ പരിശോധിച്ച ശേഷം ഉടന്‍ സിപിആര്‍ നല്‍കുകയായിരുന്നു.

തുടര്‍ച്ചയായി സിപിആര്‍ നല്‍കിയതോടെ പുഷ്പ ശ്വാസം എടുക്കാന്‍ ആരംഭിച്ചെങ്കിലും എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. ബസ് വാളകത്ത് എത്തിയപ്പോള്‍ നിര്‍ത്തിയിടാന്‍ ജുനിയ നിര്‍ദേശിച്ചു. വീണ്ടും സിപിആര്‍ നല്‍കി. ഇതിനോടകം ബസിലെ യാത്രക്കാര്‍ ആംബുലന്‍സിനെ തിരക്കിയിരുന്നു.

Post a Comment

0 Comments