കിടപ്പറയില്‍ തങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ കഴിയുന്നില്ല എന്നതാണ് പൊതുവേ മിക്ക പുരുഷന്മാരുടെയും പരാതി. അതിന് വേണ്ടി പല കുറുക്കു വഴികളും തേടുന്നവരാണ് വലിയൊരു ശതമാനം പുരുഷന്മാരും.
എന്നാലിതാ അങ്ങനെ വിഷമിച്ചിരിക്കുന്നവര്‍ക്കും പരാതിപ്പെടുന്നവര്‍ക്കും ഇതാ ഒരു സന്തോഷ വാര്‍ത്ത. ദിവസവും 60 ഗ്രാം നട്ട്‌സ് കഴിച്ചാല്‍ അത് ലൈംഗിക ജീവിതത്തിന് പുത്തന്‍ ഊര്‍ജ്ജമായി മാറും എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന പഠനം.
ദിവസവും കഴിക്കുന്ന ഭക്ഷണത്തിന്‍റെ ഒപ്പം വാള്‍നട്ട്, ഹാസില്‍നട്ട്, ബദാം എന്നിവ ഉള്‍പ്പെടുത്തിയാല്‍ കൂടുതല്‍ ലൈംഗിക ആസ്വാദനമുണ്ടാകുന്നതോടൊപ്പം രതിമൂര്‍ച്ഛയും വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് നൂട്രിയന്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
സ്‌പെയിനിലുള്ള പെറെ വിര്‍ഗിലി ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത്തരം ഒരു കണ്ടെത്തല്‍ ഉള്ളത്. സ്ഥിരമായി നട്ട്‌സ് കഴിക്കുന്നവര്‍ക്കിടയില്‍ ലൈംഗികാസ്വാദനം, രതിമൂര്‍ച്ഛ മൂലം ലഭിക്കുന്ന ആനന്ദം കൂടുന്നുണ്ടോ എന്നാണ് ഈ ഗവേഷണ സംഘം പരിശോധിച്ചത്. കൂടുതലായി മാംസാഹാരം കഴിക്കുന്ന 84 പേരെ 14 ആഴ്‌ചയോളമാണ് ഈ സംഘം നിരീക്ഷണത്തിന് വിധേയമാക്കിയത്.
കൂടാതെ ഇവര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്‍റെ ഒപ്പം വാള്‍നട്ട്, ഹാസില്‍നട്ട്, ബദാം എന്നിവ കൂടി ഉള്‍പ്പെടുത്തിയതോടെ ഇവരുടെ ലൈംഗിക ജീവിതത്തില്‍ കാര്യമായ മാറ്റമുണ്ടായതായി കണ്ടെത്തി.
സാധാരണ 40 വയസിനു താഴെയുള്ള പുരുഷന്മാരില്‍ രണ്ട് ശതമാനം പേര്‍ തങ്ങളുടെ ലൈംഗിക ജീവിതത്തില്‍ അതൃപ്‌തി പ്രകടിപ്പിക്കുന്നവരാണെന്ന് നേരത്തെ നടത്തിയ പഠനത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. കൂടാതെ പ്രായം കൂടുന്നതനുസരിച്ച് ലൈംഗിക ആസ്വാദനത്തിനുള്ള കഴിവ് പൊതുവേ പുരുഷന്മാര്ക്കിടയില്‍ നഷ്‌ടപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. പുകവലി, അമിത മദ്യപാനം, വ്യായാമം ഇല്ലായ്മ, അനാരോഗ്യകരമായ ഭക്ഷണം എന്നിവയാണ് ലൈംഗിക അസംതൃപ്‌തിക്ക് വിലങ്ങു തടിയായി ഭവിക്കുന്നതെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്.

0 Comments